Wednesday, January 28, 2015

സ്‌കൂള്‍ ചരിത്രം എസ്‌.എന്‍.സി.എം. എല്‍.പി.എസ്‌. നെയ്യശ്ശേരി

സ്‌കൂള്‍ ചരിത്രം
           തൊടുപുഴയാറിന്റെ ഓളങ്ങളുടെ താളത്തില്‍ ഒഴുക്കിന്റെ ഈണത്തില്‍ ഒരുമയുടെ സംഗീതം മീട്ടുന്ന തൊടുപുഴ താലൂക്കിലെ, പ്രകൃതിരമണീയമായ കരിമണ്ണൂര്‍ ഗ്രാമപഞ്ചായത്തിലെ 5-ാം വാര്‍ഡില്‍, നെയ്യശ്ശേരി വില്ലേജിലെ നെയ്യശ്ശേരിക്കവലയിലാണ്‌ എസ്‌.എന്‍.സി.എം. എല്‍.പി. സ്ഥിതിചെയ്യുന്നത്‌.
പൂഞ്ചോലയേക്കാള്‍ സൗമ്യതയും മാന്‍പേടയേക്കാള്‍ നിഷ്‌ക്കളങ്കതയുമുണ്ട്‌ നെയ്യശ്ശേരി എന്ന കൊച്ചു ഗ്രാമത്തിന്‌. കേരള തനിമയാര്‍ന്ന വയലുകളും, കുന്നുകളും പച്ചക്കുടകള്‍ നിവര്‍ത്തി സുന്ദര സ്വപ്‌നങ്ങള്‍ക്കണ്ട്‌ മയങ്ങുന്ന കേരവൃക്ഷങ്ങളും കുണുങ്ങിക്കുണുങ്ങി മന്ദം മന്ദമൊഴുകുന്ന കൊച്ചരുവികളാലും സമൃദ്ധമായ ഭൂപ്രകൃതിയാണ്‌ നെയ്യശ്ശേരിയുടേത്‌. സീല്‍ക്കാര ശബ്‌ദം മുഴക്കുന്ന യന്ത്രങ്ങളും മോട്ടോറുകളും കേരളത്തിന്റെ സുന്ദരമായ ഭൂപ്രകൃതിയെ തല്ലിതകര്‍ത്തുകൊണ്ടിരിക്കുമ്പോള്‍ അധികമൊന്നും നെയ്യശ്ശേരിയുടെ ഭൂപ്രകൃതിയെ കുത്തിനോവിച്ചിട്ടില്ല എന്നത്‌ സ്വാഗതാര്‍ഹമാണ്‌.
മറ്റ്‌ സ്ഥലങ്ങളെ അപേക്ഷിച്ച്‌ സുന്ദരവും, മനോഹരവും, സുഖകരവുമായ കാലാവസ്ഥയാണ്‌ ഇവിടെയുള്ളത്‌. തൊടുപുഴയിലെ മറ്റ്‌ സ്ഥലങ്ങളിലേക്കാള്‍ കൂടുതല്‍ മഴ ലഭിക്കുന്നു എന്നതും ഇവിടുത്തിന്റെ പ്രത്യേകതയില്‍പ്പെടുത്താം. ഒരു പരിധിവരെ ഇതിന്റെയെല്ലാം കാരണം ഹരിതാഭമായി ഇടതൂര്‍ന്ന്‌ ഏക്കറുകളോളം സ്ഥിതിചെയ്യുന്ന തൊമ്മന്‍കുത്ത്‌ വനപ്രദേശമായിരിക്കാം. അടുത്തിടെ ഇക്കോടൂറിസം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ നയനാനന്ദകരമായ തൊമ്മന്‍കുത്ത്‌ വെള്ളച്ചാട്ടത്തിലേക്ക്‌ കടന്നുപോകുന്നത്‌ ഈ ഗ്രാമത്തിലൂടെയാണ്‌.
അന്‍പത്‌ വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ നെയ്യശ്ശേരി കരിമണ്ണൂര്‍ വില്ലേജിന്റെ ഒരു ചെറിയ ഭാഗം മാത്രമായിരുന്നു. തൊടുപുഴയെ അന്ന്‌ അഞ്ച്‌ ഭാഗങ്ങള്‍ (വില്ലേജുകള്‍) ആയിട്ടാണ്‌ വിഭജിച്ചിരുന്നത്‌. അതില്‍ കരിമണ്ണൂര്‍ വില്ലേജിനെ കോടിക്കുളം, ഉടുമ്പന്നൂര്‍, ഏഴുമുട്ടം, കുറുമ്പാലമറ്റം, കാളിയാര്‍, ചിലവ്‌ എന്നിങ്ങനെ തിരിച്ചിരുന്നു. വണ്ണപ്പുറം ഫോറസ്റ്റ്‌ ഏരിയ ആയിരുന്നു. ഇപ്പോഴത്തെ ഇടുക്കി ജില്ലാസ്ഥാനമായ കുയിലിമല (പൈനാവ്‌) ഉള്‍പ്പെട്ട അതിര്‍ത്തി വരെ ഉടുമ്പന്നൂരിന്റെ ഭാഗമായിരുന്നു. മുതുവാന്‍കുടിയില്‍ എങ്ങാനും ഒരു വാക്കു തര്‍ക്കമോ കേസോ ഉണ്ടായാല്‍ പരാതിപ്പെട്ടിരുന്നത്‌ കരിമണ്ണൂര്‍ പോലീസ്റ്റേഷനിലായിരുന്നു. ഗതാഗതം, വിദ്യാഭ്യാസം, തൊഴില്‍ സൗകര്യങ്ങള്‍ ജാതിവ്യവസ്ഥ തുടങ്ങിയവയിലെല്ലാം 1950-65 കാലഘട്ടങ്ങളിലാണ്‌ മാറ്റങ്ങള്‍ തുടങ്ങിയത്‌. അതിനു മുമ്പ്‌ നെയ്യശ്ശേരിയെ സംബന്ധിച്ച്‌ കാളവണ്ടിയുഗമായിരുന്നു. കരിമണ്ണൂരില്‍ ചെന്നാല്‍ തൊടുപുഴയില്‍നിന്നുവരുന്ന ബസുകള്‍ ഉണ്ടായിരുന്നു. പിന്നെ യാത്രയും ചരക്കും എല്ലാം കാളവണ്ടിയിലായിരുന്നു.
സ്ഥലത്ത്‌ ഒരു കിലോമീറ്ററിനുള്ളില്‍ തെക്ക്‌ കരിമണ്ണൂര്‍ ഗവണ്‍മെന്റ്‌ യു.പി.എസ്‌.ഉം, പടിഞ്ഞാറ്‌ സെന്റ്‌ സെബാസ്റ്റ്യന്‍സ്‌ യു.പി.എസ്‌.ഉം നെയ്യശ്ശേരിയും രണ്ടുകിലോ മീറ്ററിനുള്ളില്‍ മുളപ്പുറം റ്റി.സി.എം.എം. യു.പി.എസ്‌.ഉം അന്നുണ്ടായിരുന്നു. എന്നാലും പിന്നോക്ക വിഭാഗങ്ങളില്‍പ്പെട്ട കുട്ടികള്‍ പല അസൗകര്യങ്ങള്‍ക്കൊണ്ടും സ്‌കൂളില്‍ പോകാതെ സ്ഥലത്തുണ്ടായിരുന്നു. അവരുടെ വിദ്യാഭ്യാസം ഒന്നാമതായി കണക്കിലെടുത്താണ്‌ സ്‌കൂള്‍ സ്ഥാപനത്തിനുള്ള ചര്‍ച്ചകള്‍ സംഘടിപ്പിച്ചത്‌. കൂടാതെ പിന്നോക്ക വിഭാഗങ്ങള്‍ക്ക്‌ ഒരു സ്‌കൂള്‍ എന്ന ആശയവും മുന്നിലുണ്ടായിരുന്നു. (അതിനുവേണ്ടിയാണ്‌ സ്‌കൂള്‍ സ്ഥാപിച്ചതുതന്നെ) വിശ്വകര്‍മ്മ വിഭാഗത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്തായിരുന്നു സ്‌കൂള്‍ സ്ഥാപിച്ചത്‌. അന്നത്തെ ഭൂരിപക്ഷം കുട്ടികളും മുസ്ലീം, വിശ്വകര്‍മ്മ, പുലയ, ഈഴവ വിഭാഗത്തില്‍പ്പെട്ടവരായിരുന്നു. 
1955-ലാണ്‌ ഈ സ്‌കൂള്‍ സ്ഥാപിച്ചത്‌. സ്ഥാപകന്‍ എന്ന പേരിനര്‍ഹന്‍ എസ്‌.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറിയായിരുന്ന ശ്രീ. കെ. കാര്‍ത്തികേയന്‍ എം.എ. അവര്‍കളാണ്‌. അദ്ദേഹം തൊടുപുഴയിലെ ശാഖകളില്‍ ഒരു പര്യടനം നടത്തിയപ്പോള്‍ നെയ്യശ്ശേരിയില്‍ ഈ സ്‌കൂള്‍ ഇരിക്കുന്ന സ്ഥലത്ത്‌ ഒരു സ്വീകരണം നല്‍കി പ്രസ്‌തുത സ്വീകരണത്തില്‍ പടിഞ്ഞാറേ മാളികയ്‌ക്കല്‍ മുഹമ്മദ്‌ ഇബ്രാഹിം, ഉറുമ്പില്‍ യു. ഐ. വര്‍ക്കി (സ്വാഗതം) ചേരിയക്കാട്ട്‌ വാസുദേവന്‍ ആചാരി, പാലിയത്ത്‌ പി.എസ്‌. അയ്യപ്പന്‍ (ശാഖാ പ്രസിഡന്റ്‌) കാളിയാര്‍ എം. കുമാരന്‍ (തൊടുപുഴ എസ്‌.എന്‍.പി.പി. സെക്രട്ടറി) പാലയത്ത്‌ അയ്യപ്പന്‍ രാമന്‍, നടയ്‌ക്കനാല്‍ പരമേശ്വരന്‍ തുടങ്ങിയ 500-റോളം പേര്‍ ഒത്തുച്ചേര്‍ന്നിരുന്നു. യോഗനടപടികളില്‍ പങ്കെടുത്ത 
ശ്രീ. കെ. കാര്‍ത്തികേയന്‍ സ്‌കൂളിന്‌ അനുവാദം വാങ്ങിതരാമെന്ന്‌ ഉറപ്പുനല്‍കുകയും യഥാസമയം ആര്‍. ശങ്കറുമായി ചേര്‍ന്നു മുഖ്യമന്ത്രിയെ സന്ദര്‍ശിച്ച്‌ അനുവാദം വാങ്ങുകയും ചെയ്‌തു. വള്ളിക്കാട്ട്‌ കേള, എന്‍.കെ. കുഞ്ചു, വള്ളാടിയില്‍ ഇട്ടന്‍, രാമന്‍കുട്ടി ആനിത്തോട്ടത്തില്‍ ഇവരുടെ സഹകരണത്തോടെ പി.എസ്‌. അയ്യപ്പന്‍ മാനേജര്‍ എന്ന നിലയില്‍ അപേക്ഷ സമര്‍പ്പിച്ചു. ശാഖാകമ്മിറ്റിയുടെ നിയന്ത്രണത്തില്‍ യോഗാംഗങ്ങളുടെ ഉടമസ്ഥതയില്‍ നാലുകാലില്‍ ഉയര്‍ന്നുനില്‍ക്കുന്ന ഓല ഷെഡും ഉപകരണങ്ങളും തയ്യാറാക്കി. ഇതിന്റെ എല്ലാം പ്രധാന മേല്‍നോട്ടം വഹിച്ചത്‌ ആദ്യമാനേജര്‍ ആയിരുന്ന ശ്രീ. പി.എസ്‌. അയ്യപ്പനാണ്‌.
സ്ഥാപിത കാലത്തുണ്ടായിരുന്ന ഓലഷെഡ്‌ ക്രമേണ ജീര്‍ണ്ണാവസ്ഥയിലാവുകയും അതില്‍ തുടര്‍ന്ന്‌ പ്രവര്‍ത്തനം ബുദ്ധിമുട്ടാവുകയും ചെയ്‌തപ്പോള്‍ അതിനുള്ള സാമ്പത്തിക സഹായസഹകരണങ്ങള്‍ നല്‍കിയത്‌ ഈ നാട്ടിലുള്ള സന്മനസ്സുള്ളവരും പ്രവര്‍ത്തന സജ്ജരുമായ നാട്ടുകാരുമായിരുന്നു. 1957-ല്‍ ഇന്നു കാണുന്ന രീതിയിലുള്ള വാനിലെ അമ്പിളിയെ തഴുതുനില്‍ക്കുന്ന വിശാലസുന്ദരമായ സൗധം സുഗമമായ സ്‌കൂളിന്റെ നടത്തിപ്പിനായി പണികഴിക്കുകയായിരുന്നു. തുടര്‍ന്നിങ്ങോട്ടുള്ള പ്രയാണത്തില്‍ ഒരു സുവര്‍ണ്ണാദ്ധ്യായം രചിക്കാന്‍ സ്‌കൂളിനായി.
അന്നും ഇന്നും സ്‌കൂളിന്റെ ചുറ്റുംപാടും മുസ്ലീങ്ങളും ഹൈന്ദവരുമായിരുന്നു ഭൂരിഭാഗവും. സാമ്പത്തികമായി ഉയര്‍ന്ന മേഖലയില്‍ അല്ലാത്ത ഇവിടെ അധികവും മണ്ണിനോട്‌ മല്ലടിക്കുന്ന പാവപ്പെട്ട കൂലിപ്പണിക്കാരാണ്‌. ആചാരങ്ങളിലും അനുഷ്‌ഠാനങ്ങളിലും മതത്തിന്റേയും ജാതിയുടേയും ഉരുക്കു ഭിത്തികള്‍ ഒരിക്കലും ഈ നാട്ടിലെ ജനങ്ങള്‍ക്കിടയില്‍ സൃഷ്‌ടിക്കപ്പെടാറില്ല.
കാലാനുസൃതമായ പരിവര്‍ത്തനങ്ങളിലൂടെ വിദ്യപകര്‍ന്നുകൊടുത്തുകൊണ്ട്‌ അനേകം പ്രശസ്‌തര്‍ക്ക്‌ ജന്മം നല്‍കാന്‍ ഈ സ്‌കൂളിനായി. ഡോക്‌ടര്‍മാര്‍, എഞ്ചിനീയര്‍മാര്‍, ആര്‍.ഡി.ഒ., അധ്യാപകര്‍ എന്നിങ്ങനെ ജീവിതത്തിന്റെ നാനാതുറകളില്‍ പ്രശസ്‌തരായവര്‍ ഈ വിദ്യാലയത്തില്‍ നിന്നും പഠിച്ചിറങ്ങിയവരാണ്‌. സ്‌കൂളിന്റെ പ്രാരംഭകാലത്ത്‌ ഈ സ്‌കൂളില്‍തന്നെ പഠിച്ച്‌ സ്വന്തം വിദ്യാലയത്തില്‍തന്നെ ഒരായിരം ബാല്യകാലസ്‌മരണകളുമായി ആ സ്‌കൂളില്‍തന്നെ അധ്യാപികയായി സേവനം ചെയ്യാന്‍ ഭാഗ്യ ലഭിച്ച വ്യക്തിത്വമായിരുന്ന ശ്രീമതി സാറാമ്മാള്‍ ടീച്ചര്‍ എന്നത്‌ സ്‌കൂള്‍ ചരിത്രത്തിലെ ഒരു പ്രത്യേകസംഭവമാണ്‌.
സ്‌കൂളിന്റെ തുടക്ക കാലഘട്ടങ്ങളില്‍ വിദ്യാര്‍ത്ഥികളായിരുന്ന പലരും ഇന്ന്‌ ജീവിച്ചിരിപ്പുണ്ട്‌. അവരോട്‌ ആരാഞ്ഞാല്‍ അവരുടെ ജീവിതത്തിന്റെ സമസ്‌തമേഖലയിലും വന്‍ സ്വാധീനം ചെലുത്തിയ ഈ സ്‌കൂളിന്റെ സംഭാവനകള്‍ പറയുന്നതില്‍ നൂറ്‌ നാവാണ്‌ അവര്‍ക്കുള്ളത്‌.
1955 സ്‌കൂള്‍ വര്‍ഷത്തില്‍ മറുനാട്ടുകാരനായ കെ. ശങ്കരന്‍സാര്‍ ആദ്യത്തെ പ്രഥമാദ്ധ്യാപകനായി. നല്ലവരായ നാട്ടുകാരും രക്ഷിതാക്കളും പുതിയ പാഠശാല ആരംഭിച്ചതില്‍ അതീവ സന്തോഷം പ്രകടിപ്പിച്ചു. പാഠപുസ്‌തകവും സ്ലേറ്റും മാറോടു ചേര്‍ത്തുപിടിച്ച്‌ തങ്ങളുടെ കുട്ടികള്‍ പഠിക്കാന്‍ പോകുന്ന കാഴ്‌ച ഗ്രാമീണര്‍ രോമഞ്ചാത്തോടെ കണ്ടു നിന്നു. അനേകായിരങ്ങളുടെ അകക്കണ്ണ്‌ തുറപ്പിക്കാന്‍ നാടിന്റെ മഹത്വം ലോകത്തിന്റെ മുക്കിലും മൂലയിലുംമെത്തിക്കാന്‍ ഈ സ്‌കൂളിന്‌ സാധിച്ചത്‌ എത്രയോ മഹത്തരമണ്‌. ആയിരക്കണക്കിന്‌ പൂര്‍വ്വ വിദ്യാര്‍ത്ഥികളേയും അനേകം അധ്യാപകരേയും ആനന്ദത്താല്‍ കോള്‍മയിര്‍ക്കൊള്ളിച്ചുകൊണ്ട്‌ 2005 ഫെബ്രുവരിമാസത്തില്‍ സ്‌കൂളിന്റെ സുവര്‍ണ്ണ ജൂബിലി ഈ നാടിനെ അക്ഷരാര്‍ത്ഥത്തില്‍ ഉത്സവത്തിലാറാടിച്ചുകൊണ്ട്‌ ആഘോഷിക്കുകയുണ്ടായി. കാലാനുസൃതമായി പരിവര്‍ത്തനങ്ങളിലൂടെ വിദ്യ പകര്‍ന്നുകൊടുക്കുവാന്‍ ഈ കലാലയത്തിനു സാധിക്കുന്നതില്‍ നമുക്ക്‌ അഭിമാനം കൊള്ളാം. 
മറ്റ്‌ സ്‌കൂളുകളെ അപേക്ഷിച്ച്‌ ചുരുങ്ങിയ കാലയളവുകൊണ്ട്‌ വിശാലമായ ബില്‍ഡിംഗ്‌ മുതല്‍ കമ്പ്യൂട്ടറുകള്‍ വരെയുള്ള കര്‍മ്മകാണ്ഡം രചിച്ച്‌ തൊടുപുഴ വിദ്യാഭ്യാസ ജില്ലയിലെ ചരിത്രത്തില്‍ എത്തിപ്പെടാന്‍ സാധിച്ചു.
കാലത്തിന്റെ കുത്തൊഴുക്കില്‍ പ്രശ്‌നമുഖരിത അന്തരീക്ഷത്തില്‍ ഇംഗ്ലീഷ്‌ മീഡിയങ്ങളുടെ അണമുറിയാത്ത പ്രവാഹത്തില്‍ സ്‌കൂളിന്റെ ബാസുരഭാവിയിലേക്ക്‌ ഉറ്റുനോക്കുന്ന നല്ലവരായ അധ്യാപകരുടേയും നാട്ടുകാരുടേയും മാനേജ്‌മെന്റിന്റേയും പ്രവര്‍ത്തനങ്ങള്‍ ഒരു എച്ച്‌.എസ്‌. ആക്കി മാറ്റണമെന്ന്‌ ഉദ്ദേശിക്കുന്നു.

No comments:

Post a Comment

Related Posts Plugin for WordPress, Blogger...